ന്യൂഡൽഹി: ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും നേരിടുന്ന അതിക്രമങ്ങൾ തടയൽ നിയമത്തെ രാജ്യത്തെ ചില സ്ത്രീകൾ ‘ദുരുപയോഗം’ ചെയ്യുകയാണെന്ന് കൊൽക്കത്ത ഹൈകോടതി. രാജ്യത്ത് സ്ത്രീധന പീഡനങ്ങൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് നിയമം കൊണ്ടുവന്നതെന്നും എന്നാൽ, ഇന്ന് അത് ദുരുപയോഗപ്പെടുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് സുഭേന്തു സാമന്ത അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതായിരുന്നു പരാമർശം.
“സമൂഹത്തിൽ നിന്നും സ്ത്രീധന പീഡനങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഇന്ന് ഈ വകുപ്പിനെ വ്യാപകമായി പല സ്ത്രീകളും ദുരുപയോഗം ചെയ്യുകയാണ്. ഇത് പുതിയ ‘നിയമ ഭീകരത’ക്ക് കൂടിയാണ് വഴിവെക്കുന്നത്” – കോടതി വ്യക്തമാക്കി. 498-ാം വകുപ്പ് പ്രകാരമുള്ള ഗാർഹിക പീഡനവും ഉപദ്രവവും പരാതിക്കാരി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കാനാകില്ല. പരാതിക്കാരിക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ അവകാശമുണ്ട്. എന്നാൽ, ശക്തമായ തെളിവുകൾ കൂടി സമർപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
2017 ഡിസംബറിൽ ഭർത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമെതിരെ യുവതി നൽകിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനെതിരെ യുവതി നൽകിയിരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്ന് മാത്രമുള്ളതാണെന്നും പരാതിയെ സാധൂകരിക്കുന്ന തെളിവുകളോ മെഡിക്കൽ റിപ്പോർട്ടുകളോ സമർപ്പിക്കാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
“ഭർത്താവിനും കുടുംബത്തിനും എതിരെ യുവതി നൽകിയ പരാതി പ്രഥമദൃഷ്ട്യാ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെ തെളിയിക്കുന്നില്ല. ഇത്തരം പരാതികൾ സമർപ്പിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം വ്യക്തിപരമായ പകപോക്കൽ മാത്രമാണ്. ഇത്തരം നടപടികൾ തുടരാൻ അനുവദിക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമായി മാറും” -കോടതി ചൂണ്ടിക്കാട്ടി.