ആറാട്ടുപുഴ: ഒരിറ്റ് വെള്ളം കിട്ടാതെ പത്തോളം കുടുംബങ്ങൾ. ആറാട്ടുപുഴ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പള്ളിമുക്കിന് കിഴക്ക് കായൽ തീരത്തോട് ചേർന്ന ഭാഗങ്ങളിലെ പത്തോളം കുടുംബങ്ങളാണ് പൈപ്പിൽനിന്നും തുള്ളി ജലം ലഭിക്കാതെ കടുത്ത ദുരിതമനുഭവിക്കുന്നത്. ആറുമാസം മുമ്പ് തുടങ്ങിയ കുടിവെള്ള ക്ഷാമം ഒരു മാസമായി കടുത്തിരിക്കുകയാണ്. ഒരു മാസം മുമ്പ് വരെ അർധരാത്രിക്ക് ശേഷം ചില ദിവസങ്ങളിൽ ലഭിച്ചിരുന്നു. എന്നാൽ, ഒരു തുള്ളി വെള്ളം പൈപ്പിൽ വന്നിട്ട് ഒരു മാസത്തോളമായി.
കായലിലെ വെള്ളത്തിന് കടുത്ത ഉപ്പായതിനാൽ മുഴുവൻ ആവശ്യങ്ങൾക്കും പൈപ്പ് വെള്ളമാണ് ആശ്രയം. സമീപത്തെ വീടുകളിൽ കുറഞ്ഞ അളവിലാണ് വെള്ളമെത്തുന്നത്. അതിനാൽ വെള്ളത്തിന് അവരെയും ആശ്രയിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഒരു വീട്ടിലേക്കുള്ള മുഴുവൻ ആവശ്യങ്ങൾക്കും ദൂരസ്ഥലങ്ങളിൽനിന്നും വെള്ളം ശേഖരിക്കേണ്ട ദുരവസ്ഥയാണ് വീട്ടുകാർക്കുള്ളത്.അയൽവാസികളുടെ കാരുണ്യത്തിലാണ് അവർ മുന്നോട്ടുപോകുന്നത്. ക്ഷീര കർഷകർ ഏറെ ബുദ്ധിമുട്ടിലാണ്. മൂന്ന് കിടപ്പ് രോഗികൾ ഇവിടുള്ള വീടുകളിലുണ്ട്. ഇവരെ ഇടക്കിടെ ശുചീകരിക്കേണ്ട വീട്ടുകാർ കടുത്ത പ്രയാസം അനുഭവിക്കുന്നു. ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ കലക്ടറെ നേരിട്ട് കാണാൻ ഓഫിസിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.തുടർന്ന് തയാറാക്കിയ പരാതി ഓഫിസിൽ ഏൽപ്പിച്ച് മടങ്ങി. ഇതിന്റെ പ്രതിഫലനമെന്നോണം ജല അതോറിറ്റിയിൽനിന്നും അന്വേഷിക്കാൻ ബന്ധപ്പെട്ട ആളുകൾ എത്തുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം ആയിട്ടില്ല.