കൊല്ലം > ജില്ലയിലെ ദേശീയപാത 66 നിർമാണ പുരോഗതി വിലയിരുത്താൻ എൻഎച്ച്‌എഐ കേന്ദ്രസംഘം എത്തി. തിരുവനന്തപുരത്തുനിന്ന് വ്യാഴം വൈകിട്ട് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് എത്തിയ സംഘം പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, മങ്ങാട് എന്നിവിടങ്ങളിലെ നിർമാണ പുരോഗതി വിലയിരുത്തി. തുടർന്ന് നിർമാണക്കരാർ കമ്പനിയായ ശിവാലയ കൺസ്‌ട്രക്‌ഷൻസിന്റെ മങ്ങാട്ടുള്ള ഓഫീസിൽ യോഗം ചേർന്ന് സംഘം ചർച്ചനടത്തി. നിർമാണത്തിലെ അപാകതകളും സംഘം വിലയിരുത്തി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ രജനീഷ് കപൂർ, റീജണൽ ഓഫീസർ ബി എൽ മീണ, പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാഹു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കേരളത്തിലെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനായി പാർലമെന്ററി അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങൾ മൂന്നുദിവസമായി തിരുവനന്തപുരത്തുണ്ട്. ഇതിന്റെ ഭാഗമായാണ് എൻഎച്ച്‌എഐ കേന്ദ്രസംഘം ജില്ലയിലെ നിർമാണ പുരോഗതിയും വിലയിരുത്തിയത്. പതിനഞ്ചോളം എംപിമാരാണ് പാർലമെന്ററി അഫയേഴ്‌സ് കമ്മിറ്റിയിലുള്ളത്. ഓച്ചിറ മുതൽ കൊല്ലം ബൈപാസ് വരെ നിർമാണം നടത്തുന്ന വിശ്വസമുദ്ര കൺസ്‌ട്രക്‌ഷൻ കമ്പനി ഉദ്യോഗസ്ഥരെയും സംഘം വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. നിർമാണം അതിവേഗം പൂർത്തീകരിക്കാൻ രണ്ട് കരാർ കമ്പനികൾക്കും സംഘം കർശന നിർദേശം നൽകിയിട്ടുണ്ട്.