കായിക താരങ്ങൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാലിക്കാത്ത സർക്കാർ വഞ്ചനയ്‌ക്കെതിരെ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തിനുമുമ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.രാജ്യത്തിന്റെ അഭിമാന താരങ്ങൾക്ക് അർഹതപ്പെട്ട ജോലിക്കു വേണ്ടി തെരുവിലിറങ്ങേണ്ടി വന്നിട്ടും നിഷേധ മനോഭാവത്തോടെയുള്ള സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം പറഞ്ഞു.
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് വേണ്ടി കളിച്ച അനസ് ഇടത്തൊടിക, റാഫി, റിനോ ആൻ്റോ തുടങ്ങിയവർക്ക് കേവലമൊരു ജോലി നൽകാൻ പോലും സാധിക്കാത്ത സർക്കാരാണ് ഇവിടെയുള്ളത്. സി.പി.എമ്മിന്റെ കൊടി പിടിച്ച് നടന്ന, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ക്രിമിനലുകൾക്ക് വരെ ജോലി ലഭിക്കുന്ന നാടാണിതെന്നോർക്കണം. കായിക താരങ്ങളുടെ പ്രശ്നത്തിൽ ഉടനടി ഒരു പരിഹാരം കണ്ടെത്തിയേ മതിയാവു എന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സംഗമത്തിൽ ജില്ലാ പ്രസിഡൻറ് അംജദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ അഭിമാനമായ താരങ്ങൾക്ക് ഒരു ജോലിക്കു പോലും യാചിക്കേണ്ട ഗതികേടാണെന്നത് ഭരണക്കാർക്ക് കായിക മേഖലയോടും താരങ്ങളോടുമുള്ള പരിഗണനയുടെ ദയനീയമായ ചിത്രത്തിന്റെ ബാക്കിപത്രമാണ് എന്ന് അംജദ് റഹ്മാൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഗോപു തോന്നയ്ക്കൽ സമാപനം നിർവഹിച്ചു. ഷജറീന,നബീൽ അഴീക്കോട്, ഇജാസ്, നൂർഷ, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.