സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഏജന്‍സികളുടെയും കര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം വിശകലനം ചെയ്യുന്നതിനും പദ്ധതിയുമായി മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കമ്പനികളുടെ പ്രവര്‍ത്തനത്തെ തരം തിരിക്കുന്നതാണ് പുതിയ രീതി. നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയത്തിന്റെ തുടര്‍ സേവനങ്ങള്‍ ലഭ്യമാകില്ല.
റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയു കമ്പനികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി. ഇത്തരം കമ്പനികളും ഏജന്‍സികളും വഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സംതൃപ്തിയും നിലവാരവും വിശകലനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം എല്ലാ മാസവും റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടും. മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, റിക്രൂട്ട്‌മെന്റ് കാലയളവ് വേഗത്തിലാക്കുക, പരാതികള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
രാജ്യത്തെ റിക്രൂട്ട്‌മെന്റ് മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനും സൗദി തൊഴില്‍ വിപണിയുടെ ആകര്‍ഷണിയത വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ നീക്കം സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പ്രതിമാസം തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദിഷ്ട അളവിലുള്ള പ്രകടനം കാഴ്ചവെക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. മന്ത്രാലയത്തിന്റെ തുടര്‍ സേവനങ്ങള്‍ റദ്ദ് ചെയ്യുകയോ മറ്റു ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുമെന്ന് മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി.