കൽപ്പറ്റ> വയനാട് കോൺഗ്രസിൽ കലഹം രൂക്ഷം. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ ഫോണിൽ അസഭ്യം പറഞ്ഞ് മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ ഐ സി ബാലകൃഷ്‌ണൻ. എംഎൽഎയുടെ തെറിവിളി റെക്കോർഡ് ചെയ്‌ത് എൻ ഡി അപ്പച്ചൻ പുറത്തുവിട്ടതോടെ പോര് പാരമ്യത്തിലായി.തെറിവിളിയുടെ വോയിസ് ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എംഎൽഎക്കെതിരെ പ്രതിഷേധവും കനത്തു. മുതിർന്ന നേതാവായ എൻ ഡി അപ്പച്ചനെ അറയ്‌ക്കുന്ന ഭാഷയിൽ തെറിവിളിച്ചതിൽ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. വാട്‌സ്‌ആപ് ഗ്രൂപ്പുകളിൽ എംഎൽഎക്കെതിരെ രൂക്ഷവിമർശമാണ് ഉയരുന്നത്. എന്നാൽ ഡിസിസി പ്രസിഡന്റ് പരാതി നൽകിയിട്ടും സംസ്ഥാനനേതൃത്വം നടപടി എടുത്തിട്ടില്ല.
അപ്പച്ചന്റെ പ്രായത്തെയെങ്കിലും എംഎൽഎ ബഹുമാനിക്കേണ്ടതായിരുന്നുവെന്നാണ് പ്രവർത്തകരുടെ വികാരം. എംഎൽഎ അതിരുവിട്ടതായി യുഡിഎഫിലെ മറ്റുകക്ഷി നേതാക്കളും വ്യക്തമാക്കി. കോൺഗ്രസിന്റെ ഇപ്പോഴത്തെ സംസ്‌കാരമാണ് ബാലകൃഷ്‌ണനിലൂടെ പുറത്തുവന്നതെന്ന് ഇടതുപാർടികൾ ആരോപിച്ചു. പൊതുപ്രവർത്തകർ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ് സ്വന്തം പാർടിയുടെ പ്രസിഡന്റിനെ തെറിവിളിച്ചത്. എംഎൽഎ സ്ഥാനത്തിരിക്കാനുള്ള അർഹത ബാലകൃഷ്‌ണന് നഷ്ടപ്പെട്ടെന്നും ധാർമികതയുണ്ടെങ്കിൽ രാജിവയ്‌ക്കണെമെന്നും ആവശ്യപ്പെട്ടു.
ബത്തേരി–-താളൂർ റോഡ് പ്രവൃത്തിയുടെ കരാറുകാനിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ഐ സി ബാലകൃഷ്‌ണൻ കുരിക്കിലായിരുന്നു. ഈ വിവാദം കത്തിനിൽക്കുന്നതിനിടയിലാണ് തെറിവിളി. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലെ തർക്കത്തെ തുടർന്നായിരുന്നു തെറിയഭിഷേകം. പാർടിയിൽനിന്ന് രാജിവയ്‌ക്കുമെന്ന ഭീഷണിയും മുഴക്കി. അപമാനം സഹിക്കാതെയാണ് അപ്പച്ചൻ ഫോൺ സംഭാഷണം പുറത്തുവിട്ടതും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതും.