ന്യൂഡൽഹി∙ ഇന്ത്യയിൽനിന്നു പിടിച്ചെടുത്ത അക്സായ് ചിൻ പ്രദേശത്ത് ചൈന ബങ്കറുകളും ഭൂമിക്കടിയിൽ തുരങ്കങ്ങളും മറ്റും നിർമിക്കുന്നതിന് വേഗം കൂട്ടിയെന്ന് റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യാ – ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) കിഴക്ക് ആണ് അക്സായ് ചിൻ സ്ഥിതി ചെയ്യുന്നത്. ഗൽവാനിലെ സംഘർഷത്തിനു പിന്നാലെ ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു മേഖലയിൽനിന്ന് ചൈനീസ് സൈന്യത്തിന് പിന്മാറേണ്ടി വരികയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് അക്സായ് ചിൻ മേഖലയിൽ ചൈന നടത്തുന്ന നീക്കങ്ങളെ വിലയിരുത്തുന്നത്. നദിയുടെ താഴ്‌വരയിലെ കുന്നുകൾക്ക് ഉള്ളിലൂടെ തുരങ്കങ്ങളും മറ്റും നിർമിക്കുന്നുണ്ട്. സൈനികർക്ക് താമസിക്കാനും ആയുധങ്ങൾ സംഭരിച്ചുവയ്ക്കാനും ഉതകുന്ന തരത്തിൽ ബങ്കറുകളും ഷെൽട്ടറുകവും ഇവിടെ പണിയുന്നുണ്ട്. സ്പേസ് ടെക്ക് കമ്പനിയായ മാക്സർ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
നദീ താഴ്‌വരയുടെ ഇരുവശങ്ങളിലെയും പാറകളിൽ 11 ഇടത്ത് രഹസ്യമായി തുരന്നത് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്ന് ചിത്രങ്ങൾ വിലയിരുത്തി വിഷയത്തിലെ വിദഗ്ധർ പറയുന്നത്. മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ മുൻതൂക്കം തങ്ങൾക്ക് ഒരിക്കലും തളർച്ചയായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് മാസങ്ങളായുള്ള അവരുടെ നിർമാണപ്രവർത്തികളിൽനിന്നു വ്യക്തമാകുന്നതെന്ന് ഇവർ വിലയിരുത്തുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തമായ മുൻതൂക്കമുള്ള സ്ഥലമാണ് അക്സായ് ചിൻ.