തിരുവനന്തപുരം > പ്രമുഖ ഛായാഗ്രാഹകനും ചലച്ചിത പ്രവർത്തകനുമായ കുളത്തൂർ പുളിമൂട്ടു വിളാകത്ത് വീട്ടിൽ വി അരവിന്ദാക്ഷൻ നായർ (അയ്യപ്പൻ) (72) അന്തരിച്ചു. കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറാമാൻ ആയിരുന്നു. സംസ്ഥാന സർക്കാറിന്റെ ഒട്ടേറെ ഡോക്യുമെന്ററികളും സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.
നൂറനാട് രാമചന്ദ്രന്റെ ‘അച്ഛൻ പട്ടാളം’ (സംസ്ഥാന അവാർഡ് ചിത്രം), ജോർജ് കിത്തു സംവിധാനം ചെയ്ത ‘ശ്രീരാഗം’, കെ എസ് ശശിധരൻ സംവിധാനം ചെയ്ത ‘കാണാതായ പെൺകുട്ടി’, ആലപ്പി അഷറഫിന്റെ ‘ഇണപ്രാവുകൾ’, അനിലിന്റെ ‘പോസ്റ്റ് ബോക്സ് നമ്പർ 27’, പി ആർ എസ് ബാബുവിന്റെ അനഘ, പൊന്നരഞ്ഞാണം, പ്രകാശ് കോളേരിയുടെ ‘മിഴിയിതളിൽ കണ്ണീരുമായി’ കുളത്തൂർ മിത്രന്റെ ‘വരും വരാതിരിക്കില്ല ഉണ്ണി’, കൊടി തൂക്കി മലയിലെ കൂട്ടുകാർ, വെങ്ങാനൂർ സതീഷിന്റെ ‘കൊച്ചനുജത്തി’ തുടങ്ങി ഒട്ടേറെ ഫീച്ചർ ഫിലുമുകൾക്കും ടെലി സീരിയലുകൾക്കും ഛായാഗ്രാഹകൻ ആയിരുന്നു. ഷാജി എൻ കരുൺ, കെ ആർ മോഹനൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിരുന്നു.
ഭാര്യ പരേതയായ പുഷ്പ കുമാരി. ചിത്ര, അഭിഷേക് എന്നിവർ മക്കളും രതീഷ്, ശ്രീലക്ഷ്മി എന്നിവർ മരുമക്കളുമാണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.