തിരുവനന്തപുരം> പൊതുപ്രവർത്തന രംഗത്ത് ത്യാഗസമ്പന്നമായ ജീവിതം നയിച്ച നേതാവാണ് സരോജിനി ബാലാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം നേതാവ്, സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും പ്രക്ഷോഭം നയിക്കാനും മുന്നിൽനിന്ന സംഘാടക, ജനപ്രതിനിധി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സംഭാവനകളാണ് അവർ നൽകിയത്. പ്രാദേശിക, തദ്ദേശഭരണ രംഗത്ത് പ്രവർത്തിച്ചശേഷം സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും വളർന്നതാണ് സരോജിനി ബാലാനന്ദന്റെ രാഷ്ട്രീയ ജീവിതമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി ചുമതലകൾ വഹിച്ചുകൊണ്ട് ഇന്ത്യയിലെ മഹിളാ വിമോചനപ്രസ്ഥാനത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിലും സരോജിനി ബാലാനന്ദന്റെ ഇടപെടലുണ്ട്. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. മർദനം ഏറ്റുവാങ്ങിയ ചരിത്രവും അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ കാണാം.
സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളർച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന. അത് എക്കാലവും സ്മരിക്കപ്പെടുമെന്നും എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.