തിരുവനന്തപുരം : ശുദ്ധജല, സുവിജ് കണക്ഷനുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കാന്‍ ജല അതോറിറ്റി തീരുമാനം. ഇതിനായി ഇ-ടാപ്പ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കി. പുതിയ കണക്ഷന്‍ എടുക്കുന്നതിനു ജല അതോറിറ്റിയുടെ അംഗീകൃത പ്ലമര്‍മാരും ചില ഉദ്യോഗസ്ഥരും ഉപയോക്താക്കളില്‍ നിന്നു വന്‍ തുക ഈടാക്കുന്നതായുള്ള പരാതിയെത്തുടര്‍ന്നാണു പുതിയ സംവിധാനം. നിലവില്‍ ശുദ്ധജല കണക്ഷന് അംഗീകൃത പ്ലമര്‍മാര്‍ മുഖേന രേഖകള്‍ സഹിതം അപേക്ഷിക്കണം. പുതിയ കണക്ഷനു കുറഞ്ഞത് 4500 രൂപ (അതോറിറ്റി നിശ്ചയിച്ച ഫീസ്, വാട്ടര്‍ മീറ്റര്‍, പൈപ്പ്, തൊഴിലാളികളുടെ കൂലി എന്നിവ ഉള്‍പ്പെടെ) ചെലവുണ്ട്. നടപടികളുടെ പുരോഗതിയും അപേക്ഷയുടെ തല്‍സ്ഥിതിയുമെല്ലാം ഉപയോക്താക്കള്‍ക്ക് അറിയാനും കഴിയും. അതോറിറ്റിയുടെ ഐടി വിഭാഗമാണു സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയത്.
ജല അതോറിറ്റി വെബ്‌സൈറ്റിലൂടെ(www.kwa.kerala.gov.in) പ്രത്യേക യൂസര്‍ അക്കൗണ്ട് സൃഷ്ടിച്ചാണ് അപേക്ഷിക്കേണ്ടത്. രേഖകളും അപ്‌ലോഡ് ചെയ്യണം. നടപടി പൂര്‍ത്തിയാക്കുമ്പോള്‍ കണ്‍സ്യൂമര്‍ നമ്പറും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുത്തു കണക്ഷന്‍ നല്‍കണമെന്നാണു നിര്‍ദേശം. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ 5 സെക്ഷന്‍ ഓഫിസുകള്‍ക്കു കീഴില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ സംവിധാനം വിജയകരമെന്നു കണ്ടതിനെ തുടര്‍ന്നാണു സംസ്ഥാന വ്യാപകമാക്കുന്നത്. അംഗീകൃത പ്ലമര്‍മാരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയ ശേഷമാകും സംവിധാനം നടപ്പാക്കുക.