തിരുവനന്തപുരം > ഒരു നൂറ്റാണ്ടിനിടെ ഏറ്റവും മഴ കുറവ് ലഭിച്ച ആഗസ്റ്റ് മാസമാണിതെന്ന് കാലാവസ്ഥ വിദഗ്ധർ. സംസ്ഥാനത്ത് കാലവർഷം തുടങ്ങി മൂന്ന് പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ഓഗസ്റ്റിൽ വെറും 13 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.അതായത് സംസ്ഥാനത്ത് 87 ശതമാനം മഴയുടെ കുറവുണ്ടായി. ജൂൺ മാസത്തിൽ 60 ശതമാനം കുറവും ജൂലൈയിൽ 9 ശതമാനം കുറവുമുണ്ടായി. 3 മാസംകൊണ്ട് 1735.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 909.5 മില്ലി മീറ്റർ മഴ മാത്രമാണ്. സെപ്‌തംബറിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന മഴ ലഭിച്ചാലും നിലവിലെ മഴയിലെ കുറവ് പരിഹരിക്കാൻ സാധിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്‌ധൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.
പ്രവചിക്കാനാവാത്ത സാഹചര്യമാണുണ്ടായത്. വരൾച്ചയുടെ സാധ്യത തള്ളിക്കളയാനാകില്ലെന്നും അധികൃതരും വ്യക്തികളും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽ നിനോ കാര്യമായ ന്യൂനമർദങ്ങൾ രൂപപ്പെടാത്തത്, കാലവർഷക്കാറ്റിന്റെ കുറവ് തുടങ്ങിയവയാണ് മഴകുറയാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്‌ധൻ രാജീവൻ എരിക്കുളം പറഞ്ഞു. കഴിഞ്ഞവർഷങ്ങളിൽ കാലവർഷം കൂടുതൽ ശക്തമായത് ആഗസ്റ്റ് ആദ്യ ആഴ്ചകളിലായിരുന്നു.