ന്യൂഡൽഹി > ഇന്ത്യയുടെ ശബ്‌ദവും ശക്തിയുമെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രത്തോട് കൂടിയ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ് കേന്ദ്രനേതൃത്വം. മുഖ്യമന്ത്രിയ്‌ക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ആവർത്തിക്കുമ്പോഴാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ത്യയുടെ ശബ്‌ദവും ശക്തിയുമെന്ന വിശേഷണം പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് നൽകുന്നത്.
മുംബൈയിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’യുടെ യോഗത്തിന് മുന്നോടിയായാണ് പിണറായി വിജയനെ ഉൾപ്പെടുത്തിയുള്ള പോസ്‌റ്റർ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടത്. കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പോസ്‌റ്റർ ലഭ്യമാണ്.
നേരത്തെ രാഹുൽ ഗാന്ധിയെ മുന്നിലും മറ്റ് പ്രതിപക്ഷ നേതാക്കളെ പിന്നിൽ നിരത്തിയുമുള്ള ഒരു പോസ്‌റ്റർ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ അടക്കം പല പ്രതിപക്ഷ നേതാക്കളും ഈ പോസ്‌റ്ററിൽ ഉൾപ്പെട്ടില്ല. വിവാദമായതോടെ രാഹുൽ ഗാന്ധിയെ ‘ഇന്ത്യാ’ കൂട്ടായ്‌മയുടെ നേതാവായി ചിത്രീകരിച്ചുള്ള പോസ്‌റ്റർ കേന്ദ്രനേതൃത്വം പിൻവലിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ഉൾപ്പെടുത്തി പുതിയ പോസ്‌റ്റർ പുറത്തുവിട്ടത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പോസ്‌റ്ററിലുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും കോൺഗ്രസ് മുഖ്യമന്ത്രിമാരുമാണ് ചിത്രത്തിലുള്ളത്. ഇന്ത്യയുടെ ശബ്‌ദം ഇന്ത്യ, ഇന്ത്യയുടെ കരുത്ത് എന്നീ വിശേഷണങ്ങളും പോസ്‌റ്ററിലുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കോ മുൻപ്രസിഡന്റുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കോ പോസ്‌റ്ററിൽ ഇടംനൽകിയിട്ടുമില്ല.