മുംബൈ∙ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിൽ അസ്വാസര്യങ്ങളെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, അടുത്തിടെ സർക്കാരിന്റെ ഭാഗമായ എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എന്നിവർ തമ്മിൽ തർക്കം രൂക്ഷമാണെന്നാണ് സൂചന. അജിത് പവാർ കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പിൽനിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിർദ്ദേശങ്ങളും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു സമർപ്പിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെ മാത്രം തനിക്ക് അയച്ചാൽ മതിയെന്ന് ഷിൻഡെ നിർദ്ദേശം നൽകിയതോടെയാണിത്.
ചട്ടപ്രകാരം ധനകാര്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. ഈ രീതിയാണ് ഷിൻഡെ ഇടപെട്ട് മാറ്റിയിരിക്കുന്നത്. അജിത് പവാറും സംഘവും സർക്കാരിന്റെ ഭാഗമായെത്തിയത് ഇപ്പോഴും ദഹിക്കാത്ത ഷിൻഡെ പക്ഷ എംഎൽഎമാരുണ്ട്. അജിത് പവാറിന്റെയും സംഘത്തിന്റെയും വരവോടെ തങ്ങളുടെ വിലപേശൽ കരുത്ത് കുറഞ്ഞെന്ന് വികാരമാണ് ഇവർക്കുള്ളത്.
അതേസമയം, ഷിൻഡെയെയും സംഘത്തെയും ‘നിലയ്ക്കു നിർത്താനുള്ള’ ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് പവാറിനെ സർക്കാരിന്റെ ഭാഗമാക്കിയത് എന്നും വിലയിരുത്തലുണ്ട്. അജിത് പവാറും കൂട്ടരും എത്തിയതോടെ ഷിൻഡെയുടെ വിശ്വസ്തർക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതകൾ മങ്ങിയിരുന്നു. ഷിൻഡെയെ നീക്കി പവാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഇടക്കാലത്ത് അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും, സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതു നിഷേധിച്ചിരുന്നു.