ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചവകാശ നിയമത്തിൽ മാറ്റം വരുത്തി സുപ്രീംകോടതി. അസാധുവായ വിവാഹങ്ങളിലുള്ള കുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്ന് നിർണായകമായ വിധിയോടെയാണ് സുപ്രീംകോടതി ഹിന്ദു പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തിയത്. 2011ലെ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക നടപടി.വിവാഹത്തിന് പുറത്തുള്ള ബന്ധത്തിൽ പിറന്ന കുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടോയെന്നത് സംബന്ധിച്ച പ്രശ്നമാണ് സുപ്രീംകോടതി പരിഗണിച്ചത്. കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പാർഡിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് കേസിൽ നിരവധി അഭിഭാഷകരുടെ സബ്മിഷനുകൾ കേട്ടു. തുടർന്നാണ് കേസിലെ വിധി പുറത്ത് വന്നിരിക്കുന്നത്.
മുമ്പ് ഹിന്ദുപിന്തുടർച്ചാവകാശ നിയമപ്രകാരം അസാധുവായ വിവാഹത്തിലുള്ള മക്കൾക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തിൽ ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. എന്നാൽ, മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് നിയമസാധുതയിലും മാറ്റം വരുമെന്ന് കേസ് പരിഗണിക്കുന്നവേളയിൽ സുപ്രീംകോടതി നിരീക്ഷിച്ചു. സാമുഹ്യ സാഹചര്യങ്ങൾ മാറുമ്പോൾ മുമ്പ് നിയമവിരുദ്ധമായതിന് ചിലപ്പോൾ നിയമസാധുത നൽകേണ്ടതായി വരുമെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് കേസിലെ വിധി പുറത്ത് വന്നത്.