മുംബൈ: 2024 ലോക്സഭ തെരഞ്ഞെടുപ്പ് ഒരുങ്ങി ഇൻഡ്യ സഖ്യം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മുംബൈയിൽ വിളിച്ച ചേർത്ത യോഗത്തിൽ 14 അംഗ ഏകോപന സമിതിയും രൂപവത്കരിച്ചു. കെ.സി വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി), എം.കെ. സ്റ്റാലിൻ (ഡി.എം.കെ), സഞ്ജയ് റാവുത്ത് (ശിവസേന)), തേജസ്വി യാദവ് (ആർ.ജെ.ഡി), അഭിഷേക് ബാനർജി (ടി.എം.സി), രാഘവ് ഛദ്ദ (എ.എ.പി), ജാവേദ് ഖാൻ (സമാജ്വാദി പാർട്ടി), ലല്ലൻ സിങ് (ജനതാദൾ), ഹേമന്ത് സോറൻ (ജെ.എം.എം), ഡി. രാജ (സി.പി.ഐ), ഉമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പി.ഡി.പി) എന്നിവരാണ് ഏകോപന സമിതിയിലെ അംഗങ്ങൾ.
സമിതിക്ക് കൺവീനർ ഇല്ല. 14 അംഗ സമിതിയിൽ സി.പി.എമ്മിൽ നിന്നുള്ള അംഗത്തെ നിശ്ചയിച്ചിട്ടില്ല. അതേസമയം സഖ്യത്തിന്‍റെ ലോഗോ പ്രകാശനം താത്കാലികമായി മാറ്റിവെച്ചതായി അറിയിച്ചു. പരമാവധി സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കാനാണ് സഖ്യത്തിലെ ധാരണ. സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ഇൻഡ്യ സഖ്യം അറിയിച്ചു.പ്രധാനമായും മൂന്ന് കാര്യത്തിനാണ് തങ്ങൾ ഊന്നൽ നൽകുന്നതെന്ന് ഇൻഡ്യ സഖ്യത്തിൽ ഉൾപ്പെട്ട പാർട്ടികളുടെ നേതാക്കൾ അറിയിച്ചു. സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിനൊപ്പം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ മുൻനിർത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലികൾ നടത്തും. ‘ഭാരതം ഒന്നാകും ഇൻഡ്യ ജയിക്കും’ എന്ന മുദ്രാവാക്യത്തിലൂന്നിയാവും സഖ്യത്തിന്റെ പ്രചാരണമെന്നും നേതാക്കൾ അറിയിച്ചു.ഇൻഡ്യ സഖ്യത്തിന്‍റെ മൂന്നാമത് യോഗം വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് നടന്നത്. ആദ്യ രണ്ട് യോഗങ്ങൾ പട്നയിലും ബെംഗളൂരുവിലും നടന്നിരുന്നു.