ന്യൂഡൽഹി: ബി.ജെ.പി ഇന്ത്യയിലെ അഴിമതിയുടെ കേന്ദ്രമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിൽനടന്ന ഇൻഡ്യ സഖ്യത്തിന്റെ രണ്ട് ദിവസത്തെ യോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. തങ്ങൾ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഏറ്റവും ഫലപ്രദമായ രീതിയിൽ ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് തങ്ങൾക്ക് മുമ്പിലുള്ള വെല്ലുവിളിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനായി രണ്ട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
കോർഡിനേഷൻ കമിറ്റി രൂപീകരിക്കുകയാണ് ഇതിൽ ആദ്യത്തേത്. സീറ്റ് ചർച്ചയും ആരംഭിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ രണ്ട് ശക്തമായ നടപടികളിലൂടെ ഇൻഡ്യ സഖ്യത്തിന് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനങ്ങളിൽ നിന്നും പണം കൊള്ളയടിച്ച് അവർക്ക് കുറച്ചു മാത്രം നൽകുകയെന്നതാണ് മോദി സർക്കാറിന്റെ നയം. ഞങ്ങൾ വികസനത്തിനുള്ള പുതിയ വഴി തുറക്കുകയാണ്. പാവപ്പെട്ട ജനങ്ങളെ ഉൾക്കൊള്ളുന്നതാണ് ഇൻഡ്യ സഖ്യത്തിന്റെ വികസന പദ്ധതിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.