തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഡിവൈഎഫ്ഐ. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താൽ സൈബറിടത്തിൽ ഗീതു നിന്ദ്യമായ ആക്രമണം നേരിടുകയാണ് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.പൂർണ ഗർഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക്ക് സി. തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.