ജയ്പൂർ∙ രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും ചേർന്നു മർദിച്ചു നഗ്നയാക്കി നടത്തിയ ആദിവാസി യുവതിക്കു സർക്കാർ ജോലിയും 10 ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതിക്രമത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും അശോക് ഗെലോട്ട് സന്ദർശിച്ചു.
‘‘ക്രിമിനലുകൾക്കും ഇത്തരം സംഭവങ്ങൾക്കും പരിഷ്കൃത സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവൃത്തികളെ ഒറ്റക്കെട്ടായി അപലപിക്കണം. സ്ത്രീകൾക്കെതിരായ അതിക്രമം തടയുകയെന്നതു സർക്കാരിന്റെ പ്രധാന പരിഗണനയാണ്. അതിവേഗ കോടതിയിൽ പ്രോസിക്യൂട്ട് ചെയ്തു ക്രിമിനലുകൾക്കു കർശനമായ ശിക്ഷ നൽകും’’–അശോക് ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണു ഭർത്താവും ബന്ധുക്കളും ചേർന്ന് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്. സംഭവത്തിൽ പത്തുപേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ഇതിൽ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത. യുവതി മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭർത്താവും ബന്ധുക്കളും ചേർന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്നയാക്കി നടത്തുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.