കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭാര്യക്കെതിരെ നടന്നത് അടക്കമുള്ള മുഴുവൻ സൈബർ ആക്രമങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല. ആരെങ്കിലും സൈബർ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ ജെയ്കിന്‍റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്‍റേത്. പിതാവിന് ചികിത്സ നൽകിയില്ലെന്ന ആരോപണം മനഃസാക്ഷിക്ക് നിരക്കാത്തത്. ആരോപണം വേദനിപ്പിച്ചു. വ്യാജ ആരോപണങ്ങൾ പുതുപ്പള്ളിയിലെ ജനങ്ങൾ തള്ളികളയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ഉമ്മൻചാണ്ടി മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾക്ക് ഇടത് സർക്കാർ തുരങ്കം വെച്ചു. വികസനം ഉയർത്തിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചരണം. തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വിവാദങ്ങളൊന്നും മണ്ഡലത്തിലേൽക്കില്ല. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നെങ്കിൽ സംവാദത്തിന് തയാറായേനെ. ഉത്തരം നൽകാതിരുന്ന എൽ.ഡി.എഫ് പരാജയം സമ്മതിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ച വീടുകൾ കയറി വോട്ട് ഉറപ്പിക്കുന്നതിനുള്ള തിരക്കിലായിരിക്കും മുന്നണികൾ. ത്രികോണ മത്സരം എന്ന നിലയിലുള്ള പ്രചാരണമാണ് മണ്ഡലത്തിൽ.
രാഷ്ട്രീയ വിവാദങ്ങളും വികസനവും ചർച്ചയായ മണ്ഡലത്തിൽ ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി വിജയം ഉറപ്പിക്കാനുള്ള അവസാന തത്രപ്പാടിലാണ് മുന്നണികൾ. ശനിയാഴ്ച റോഡ്ഷോ നടത്താൻ പാർട്ടികൾ തീരുമാനിച്ചിരുന്നെങ്കിലും മഴ വെല്ലുവിളിയായി. പാമ്പാടിയിലാണ് കൊട്ടിക്കലാശം.53 വർഷമായി പുതുപ്പള്ളിയുടെ എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞമാസം പത്തിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ഈ മാസം അഞ്ചിന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിന്റെ ചാണ്ടി ഉമ്മൻ, എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാൽ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ഇവർക്ക് പുറമെ ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രന്മാരായ സന്തോഷ് ജോസഫ്, ഷാജി, പി.കെ. ദേവദാസ് എന്നിവരും മത്സരരംഗത്തുണ്ട്.