തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ചു ലോകായുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷിദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരനായ ആർ.എസ്.ശശികുമാർ ലോകായുക്തയിൽ ഇടക്കാല ഹർജി ഫയൽ ചെയ്തു.സിപിഎമ്മിന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാർക്കു ഹർജിയിൽ നീതിയുക്തമായ വിധി പറയാൻ കഴിയില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓഗസ്റ്റ് 11ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഹർജിയിൽ വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്.
ദുരിതാശ്വാസനിധിയിൽ നിന്നും അനർഹമായ ആനുകൂല്യം കുടുംബത്തിനു ലഭിച്ചതായി ഹർജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുമായി ഉപലോകായുക്തമാർക്കു വിദ്യാർഥി രാഷ്ട്രീയകാലം മുതൽ അടുത്ത സുഹൃത്ത് ബന്ധമുണ്ടെന്ന വിവരം ഹർജിയിൽ വാദം പൂർത്തിയായ ശേഷമാണ് ബോധ്യപ്പെട്ടതെന്നു ഇടക്കാലഹർജിയിൽ ചൂണ്ടിക്കാട്ടി. കെ.കെ.രാമചന്ദ്രൻ നായരുടെ ജീവചരിത്ര സ്മരണികയിൽ ഉപലോകായുക്തമാർ രണ്ടുപേരും ഓർമക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവച്ച് ഹർജിയിൽ വാദം കേട്ടതു നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും ഇടക്കാല ഹർജിയിൽ പറയുന്നു.
നീതിന്യായ പീഠത്തിന്റെ നിഷ്പക്ഷതയ്ക്കു കളങ്കമുണ്ടാക്കുന്ന നടപടികൾ ലോകായുക്തയുടെ ശ്രദ്ധയിൽപെടുത്തുന്നതിനാണു സത്യവാങ്മൂലത്തോടൊപ്പം ഇടക്കാല ഹർജി ഫയൽ ചെയ്തിട്ടുള്ളതെന്നു ഹർജിക്കാരൻ പറഞ്ഞു. ഗവർണർക്കു നൽകിയ പരാതിയുടെ പകർപ്പും ഹർജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.