ആളുകൾ പലതരത്തിലുണ്ട്. ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്നു കരുതുന്നവരുണ്ട്. കുറെ പണം സമ്പാദിച്ച് ജോലി രാജിവെച്ച് അടിച്ചു പൊളിച്ച് നടക്കുന്നവരുണ്ട്. ഗൂഗ്ളിൽ എൻജിനീയറായി ജോലി ചെയ്യുന്ന എഥാൻ എൻഗൂൻലി എന്ന 22കാരന് ഇതൊന്നുമല്ല ആഗ്രഹം. 35 വയസാകുമ്പോഴേക്കും 50 ദശലക്ഷം ഡോളർ (41 കോടി രൂപ) എങ്കിലും സമ്പാദിച്ച് നേരത്തേ ജോലിയിൽനിന്ന് വിരമിക്കണമെന്നാണ് എഥാന്റെ ആഗ്രഹം. കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലാണ് ഈ ടെക്കിയുടെ താമസം.പണം സമ്പാദിക്കുന്നതിനെ കുറിച്ച് കുട്ടിക്കാലത്തേ മാതാപിതാക്കൾ ബോധവത്കരണം നൽകിയിട്ടുണ്ട്. അതിനാൽ ജോലി കിട്ടിയപ്പോൾ ഒരു ചില്ലിക്കാശു പോലും വെറുതെ കളയാൻ എഥാൻ തയാറായില്ല. രണ്ടുവർഷം മുമ്പാണ്
കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ് പാസായത്. പഠന ചെലവിനായി ബാങ്ക് വായ്പയെ ആശ്രയിക്കാനും പോയില്ല. പണം ലാഭിക്കുന്നതിനായി ഹോസ്റ്റലിൽ പോലും താമസിക്കാതെ മാതാപിതാക്കളുടെ കൂടെ നിന്ന് പഠിച്ചു. പഠന ശേഷം ഗൂഗ്ളിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിയും ലഭിച്ചു. ഇപ്പോൾ ബോണസടക്കം 1.60 കോടിയാണ് എഥാനിന്റെ വാർഷിക ശമ്പളം.
നിലവിൽ, അദ്ദേഹത്തിന്റെ റിട്ടയർമെന്റിലും മറ്റ് നിക്ഷേപ അക്കൗണ്ടുകളിലും ഫ്ലോറിഡയിലും കാലിഫോർണിയയിലും ഉള്ള വീടുകളിൽ ഏകദേശം 135,000 ഡോളർ (1.11 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ഓരോ വർഷവും തന്റെ ടേക്ക് ഹോം പേയുടെ 35% നിക്ഷേപിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നു, കൂടാതെ സമീപഭാവിയിൽ തന്റെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ട്.
ഭക്ഷണത്തിന് വേണ്ടിയും ഇദ്ദേഹം അനാവശ്യമായി പണം കളയാറില്ല. കാരണം കമ്പനി സൗജന്യമായി രാവിലെയും ഉച്ചക്കും ഭക്ഷണം നൽകാറുണ്ട്. അതുപോലെ ബ്രാൻഡഡ് വസ്ത്രങ്ങളോടും പ്രിയമില്ല. താങ്ങാനാവുന്ന വിലയിലുള്ള ലളിത വസ്ത്രമാണ് പ്രിയം. വർഷത്തിൽ മൂന്നോ നാലോ തവണ യാത്ര പോകാറുണ്ട്. അതും കുറഞ്ഞ ചെലവിൽ. ഇങ്ങനെയൊക്കെ പണം കൂട്ടിവെച്ച് താൻ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയിട്ടു വേണം സൈര്യമായി വിശ്രമിക്കാൻ എന്നാണ് എഥാൻ കണക്കുകൂട്ടുന്നത്.