ആലപ്പുഴ: കുട്ടനാട്ടിൽനിന്ന് സി.പി.എം വിട്ടുവന്ന 222 പേർക്ക് സി.പി.ഐയിൽ അംഗത്വം നൽകി. ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലകൗൺസിൽ യോഗമാണ് അംഗത്വത്തിന് അംഗീകാരം നൽകിയത്.കുട്ടനാട് മണ്ഡലം കമ്മിറ്റിയിൽ അപേക്ഷിച്ച മുഴുവൻ പേർക്കും അംഗത്വം നൽകിയതോടെ ബ്രാഞ്ച് തലം മുതൽ മണ്ഡലം കമ്മിറ്റിവരെ ഘടകങ്ങളിൽ അംഗസംഖ്യ വർധിച്ചു. എന്നാൽ, ഇതനുസരിച്ച് സ്ഥാനമാനങ്ങൾ നിശ്ചയിച്ച് നൽകിയിട്ടില്ല. അംഗത്വം നൽകാനുള്ള നടപടിക്രമം മാത്രമാണ് പൂർത്തിയാക്കിയത്. സി.പി.എം വിട്ട ഏരിയ, ലോക്കൽ കമ്മിറ്റി ഭാരവാഹികൾക്ക് അതേ സ്ഥാനങ്ങൾ നൽകാൻ സാധ്യതയില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സി.പി.എമ്മിൽനിന്ന് കൂട്ടത്തോടെ എത്തിയവരെ വിളിച്ചുകൂട്ടി പരസ്യമായി അംഗത്വം നൽകുന്ന രീതിയും ഉണ്ടാവില്ല. ഇത് ഇരുപാർട്ടികളും തമ്മിൽ പരസ്യപോരിന് കാരണമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. നിലവിൽ 166 പേർക്ക് പൂർണഅംഗത്വവും സി.പി.എം അനുഭാവികളായിരുന്ന 56 പേർക്ക് കാൻഡിഡേറ്റ് മെംബർഷിപ്പുമാണ് ലഭിച്ചത്. കാൻഡിഡേറ്റ് അംഗങ്ങൾക്ക് ആറുമാസത്തിനുശേഷം പൂർണ അംഗത്വം നൽകും.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ മന്ത്രി പി. പ്രസാദിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ 55പേർ പങ്കെടുത്തു. ജില്ലസെക്രട്ടറി ടി.ജെ. ആഞ്ചലോസ്, നേതാക്കളായ പി.വി. സത്യനേശൻ, അഡ്വ. വി. മോഹൻദാസ്, ജി. കൃഷ്ണപ്രസാദ്, ആർ. അനിൽകുമാർ, എസ്. സോളമൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.
സി.പി.എമ്മിലെ കടുത്ത വിഭാഗീയതയെ തുടർന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് ആർ. രാജേന്ദ്രകുമാർ അടക്കം ആറ് ജനപ്രതിനിധികൾ, രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ, 19 ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് സി.പി.ഐയിൽ ചേർന്നത്. ഇതിനൊപ്പം പോഷകസംഘടനകളുടെ സംസ്ഥാനകമ്മിറ്റി അംഗം മുതൽ ഏരിയ ഭാരവാഹികളുമുണ്ട്. കഴിഞ്ഞ സമ്മേളനകാലയളവിലെ വിഭാഗീയതയും ഏരിയനേതൃത്വവുമായുള്ള അകൽച്ചയുമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഒന്നരവർഷത്തിനിടെ പലവട്ടം ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്തതാണ് കൂട്ടരാജിക്ക് വഴിയൊഴുക്കിയതെന്ന് പറയപ്പെടുന്നു. സി.പി.എം നേതൃത്വം അനുരഞ്ജനത്തിന് നീക്കം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന സൂചനയുമുണ്ട്