അഞ്ചൽ: തിരക്കേറിയ സമയങ്ങളിൽ റോഡുകളിലൂടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. എം.സി റോഡ്, ആയൂർ-അഞ്ചൽ, അഞ്ചൽ – കുളത്തൂപ്പുഴ, അഞ്ചൽ – പുനലൂർ എന്നീ പ്രധാന പാതകളിലൂടെ സ്കൂൾ, കോളജ് വിദ്യാർഥികളും മറ്റ് യുവാക്കളുമാണ് അമിത വേഗത്തിൽ ഇരുചക്രവാഹനങ്ങളോടിച്ച് ഭയപ്പെടുത്തുന്നതും അപകടത്തിൽപെടുന്നതും. ഓടിക്കുന്നവർക്ക് ലൈസൻസോ വാഹനങ്ങൾക്ക് രേഖകളോ ഇല്ലാത്തതാണ് ഏറെയും.
കഴിഞ്ഞ ദിവസം എം.സി റോഡിൽ പോലിക്കോട് ജങ്ഷനിൽ ബൈക്കുകൾ അമിത വേഗത്തിൽ ഓടിച്ച് സെൽഫിയെടുക്കവെ എതിരെ വന്ന മറ്റൊരു യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയുണ്ടായി. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് യാത്രികൻ.
കഴിഞ്ഞ മാസം 31 ന് അഞ്ചൽ – കുളത്തൂപ്പുഴ പാതയിൽ ഏരൂർ മുസ്ലിം പള്ളിക്ക് സമീപത്തുവെച്ച് ബൈക്കിൽ അമിതവേഗത്തിലെത്തിയ രണ്ട് ഐ.ടി.ഐ വിദ്യാർഥികൾ അപകടത്തിൽപെടുകയും ഒരാൾ മരിക്കുകയും ചെയ്തു.
ഡിസംബർ 12 ന് അഞ്ചൽ -ആയൂർ പാതയിൽ പനച്ചവിള പെട്രോൾ പമ്പിന് മുന്നിൽവെച്ച് കാൽനട യാത്രികനെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 10 ന് അഞ്ചൽ – കുളത്തൂപ്പുഴ പാതയിൽ ഏരൂരിൽവെച്ച് അമിത വേഗത്തിലെത്തിയ ബൈക്ക് പൊലീസ് ജീപ്പിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ജനുവരി 11 ന് അഞ്ചൽ – ഏറം പാതയിൽ പനയഞ്ചേരിയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഞ്ചലിലെ വ്യാപാരി മരിക്കുകയും ബൈക്ക് യാത്രികന് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. ഇത്തരത്തിൽ നിരവധിയായ ബൈക്കപകടങ്ങളാണ് അടുത്തകാലത്തായി അഞ്ചൽ മേഖലയിൽ നടന്നിട്ടുള്ളത്. മിക്കതും അമിതവേഗം മൂലമാണുണ്ടായിട്ടുള്ളത്.