തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ക്രിയാത്മക വിമർശനം കേൾക്കാൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം അത്രയും നന്ന് എന്നും കാര്യകാരണസഹിതം നാനാദിക്കുകളിൽ നിന്നും വിദഗ്ധരിൽ നിന്നും ഇടതു സഹയാത്രികരിൽ നിന്നുമുള്ള വിമർശനം ഉൾക്കൊണ്ട് കേരളത്തിന്റെ സംഹാര പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ച് ബദൽ നിർദ്ദേശങ്ങൾക്ക് ചെവികൊടുക്കണമെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.
കാസർഗോഡ് – തിരുവനന്തപുരം യാത്രാ സമയദൈർഘ്യം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ നിലവിലെ പാതയ്ക്ക് സമാന്തരമായി പുതിയ പാത നിർമ്മിച്ച് അത് നേടാവുന്നതേയുള്ളൂ. വളവുകൾ നിവർക്കുന്നതിനുള്ള ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വരൂ. സിൽവർലൈൻ സൃഷ്ടിക്കുന്ന പ്രകൃതി നാശവും സാമൂഹ്യ ആഘാതവും ഭീമമായ കടക്കെണിയും കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലും ഒഴിവാക്കാനാവും. അതിനുപകരം പദ്ധതി നിർവഹണത്തിന് വേണ്ടി രൂപീകരിക്കുന്ന 2 എസ്. പി. വി. (സ്പെഷ്യൽ പർച്ചേസ് വെഹിക്കിൾ)കളിൽ കണ്ണുവെച് റിയൽ എസ്റ്റേറ്റും ബിസിനസ് സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കാൻ കരുക്കൾ നീക്കുന്ന അതിസമ്പന്നരുടെ താളത്തിനൊത്തു തുള്ളുന്ന പാവകളായി ഭരണാധികാരികൾ മാറരുത്.
ക്രിയാത്മകമായ വിമർശനങ്ങൾ കേൾക്കും എന്ന് മുഖ്യമന്ത്രി പറയുമ്പോൾതന്നെ ഇതേപ്പറ്റി ന്യായയുക്തമായ ചോദ്യങ്ങൾ ഉയർത്തിയ ഇടതു സഹയാത്രികനായ കവി റഫീഖ് അഹമ്മദിനെ മുഖ്യമന്ത്രിയുടെ അനുയായിവൃന്ദങ്ങളും വാഴ്ത്തു പാട്ടുകാരും വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാർ ചമഞ്ഞവർ തന്നെ അതിനു വിലക്കേർപ്പെടുത്തിയെങ്കിൽ അത് തുറന്നു പറയണമെന്നും അല്ലെങ്കിൽ അതിനെ തള്ളിപ്പറഞ്ഞു സഹിഷ്ണുതയും വിമർശനം കേൾക്കാനുള്ള സന്നദ്ധതയും ആത്മാർത്ഥമാണെന്ന് തെളിയിക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു.