കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വത്സരാജ് (39) ആണ് ഇന്നലെ ഏഴരയോടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് സി.ഐ.ടി.അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പിടിയിലായത്.
കർണാടക വോൾവോ ബസിൽ താമരശ്ശേരിയിൽ എത്തിയ പ്രതിയെ പഴയ ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് ബസിനെ പിൻതുടർന്നുവന്ന സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫിസർ ടി. പ്രജോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദലി, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ, ഡ്രൈവർവർ രാജീവ് എന്നിവരുടെ നേതൃതൃത്വത്തിൽ പിടികൂടിയത്.
ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സമാന രീതിയിൽ കഞ്ചാവുമായി ഇയാൾ നേരത്തെയും പിടിയിലായിരുന്നു. പലതവണ കഞ്ചാവ് കടത്തിയിട്ടുള്ള പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.