ന്യൂഡല്‍ഹി> സനാതനധര്‍മ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാനാവാത്തവയാണെങ്കില്‍ ബിജെപി ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ചോദിച്ചു. നമ്മുടെ ഭരണഘടന മനുഷ്യതുല്യത അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.സനാതനധര്‍മത്തെ ദ്രാവിഡപ്രസ്ഥാന ചിന്തയ്ക്ക് അനുസരിച്ച് വിമര്‍ശിച്ച ഉദയനിധി സ്റ്റാലിന് ‘വസ്തുതകള്‍ വച്ച് ഉചിതമായി മറുപടി’ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ബേബി.
സനാതനധര്‍മത്തിന്റെ ഭാഗമായ വര്‍ണധര്‍മത്തെ, അതായത് ജാതിവ്യവസ്ഥയെ ബിജെപി പിന്തുണയ്ക്കുന്നുണ്ടോയെന്നും ബേബി ആരാഞ്ഞു. മനുഷ്യര്‍ വിവിധ വര്‍ണങ്ങളില്‍ (ജാതികളില്‍) ജനിക്കുന്നു, അവരവരുടെ ജാതികള്‍ക്ക് നിശ്ചയിച്ച ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നാണോ നിങ്ങളുടെ അഭിപ്രായം? മനുഷ്യത്വവിരുദ്ധ ജാതിവിവേചനചിന്തകള്‍ ഇന്നും തുടരണമോ? നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’; ‘ശൂദ്രമക്ഷരസംയുക്തം, ദൂരതഃ പരിവര്‍ജയേല്‍’ തുടങ്ങിയ മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ സനാതനധര്‍മത്തിന്റെ പേരിലാണ് ഇന്ത്യയില്‍ അടിച്ചേല്പിക്കപ്പെടുന്നത്. ഇത് പ്രധാനമന്ത്രിക്ക് അറിയാത്തതാണോ?
ശൂദ്രന് അക്ഷരം പഠിക്കരുതെന്നും പഞ്ചമജാതികള്‍ക്കും സ്ത്രീകള്‍ക്കും മനുഷ്യാവകാശങ്ങളില്ലെന്നും പ്രധാനമന്ത്രി കരുതുന്നുണ്ടോ? ശ്രീനാരായണഗുരു പോലെയുള്ള ഹിന്ദുമതപരിഷ്കര്‍ത്താക്കളെ ബിജെപി തള്ളിപ്പറയുമോ? ഗുരു സനാതനധര്‍മത്തെ തള്ളിപ്പറഞ്ഞുവല്ലോ. നവോഥാന പ്രസ്ഥാന മൂല്യങ്ങളുമായി ഇന്ന് ഹിന്ദു മതവിശ്വാസിക്ക് ജീവിക്കാമോ? ഇനി സനാതനധര്‍മ ആശയങ്ങള്‍ പരിഷ്കരിക്കപ്പെടാവുന്നത് ആണെങ്കില്‍ ഏതൊക്കെ പരിഷ്കരിക്കാം? ബ്രാഹ്മണാധിപത്യം പരിഷ്കരിക്കപ്പെടാവുന്നതാണോ–ബേബി ആരാഞ്ഞു.