ദില്ലി : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉൾപ്പെട്ട എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി സെപ്തംബർ 12 ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്. ഇതുവരെ 34 തവണയാണ് ഇതുവരെ ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്.