ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ് (31) ആണ് അറസ്റ്റിലായത്. ആലാ സ്വദേശി സുനീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഓഗസ്റ്റ് 31നു പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷ്ടിച്ച ബൈക്കിന്റെ നമ്പറിൽ കൃത്രിമം കാണിച്ച് ബൈക്കിൽ സഞ്ചരിച്ചുവരവേയാണ് പൊലീസ് പിടിയിലായത്. എസ് ഐമാരായ വി എസ് ശ്രീജിത്ത്, ടി എൻ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സന്ദീപ്. മോഷണം, ലഹരിവസ്തുക്കൾ ഉപയോഗിക്കൽ, പൊതുസ്ഥലത്ത് സംഘർഷം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.