റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന വിശ്വാസികൾ പാത്രങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സംസം കുടിക്കുമ്പോൾ പരോപകാരത്തിെൻറയും ക്ഷമയുടെയും പ്രാധാന്യം മന്ത്രാലയം പ്രത്യേകം വെളിപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിൽ നിന്ന് സംസം കുടിച്ചതിന് ശേഷം കപ്പുകൾ അതത് ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക, അവ അലസമായി വലിച്ചെറിയാതിരിക്കുക, കുടിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം, തറയിൽ വെള്ളം ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക, പ്രായമായവർക്ക് കുടിക്കാനായി മുൻഗണന നൽകുക, തള്ളുന്നതും തിരക്കുകൂട്ടുന്നതും ഒഴിവാക്കി മറ്റുള്ളവരോട് ബഹുമാനവും പരിഗണനയും കാണിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്.