ദില്ലി: സമയപരിധി അവസാനിക്കുന്നതിന് മുൻപ് 2000 രൂപ നോട്ടുകൾ മാറ്റാനുള്ള പ്ലാനിലാണെങ്കിൽ ബാങ്കുകളിൽ എത്തുന്നതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. 2023 മെയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചത്. എന്നാൽ ഇവ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി സെപ്റ്റംബർ 30 ആണ്. പൊതുജനകൾക്ക് ഈ മാസം അവസാനിക്കുമ്പോഴേക്ക് ബാങ്കുകളിൽ എത്തി നോട്ടുകൾ നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. ബാങ്കിനെ ആശ്രയിച്ച് എക്സ്ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് പ്രക്രിയ വ്യത്യാസപ്പെടാം. 2000 രൂപ നോട്ടുകൾ മാറ്റുന്ന കാര്യത്തിൽ, ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ, നോട്ടുകൾ മാറാൻ ബാങ്കിൽ പോകുമ്പോൾ, ഈ നാല് കാര്യങ്ങൾ മനസ്സിൽ വയ്ക്കുക.
നോട്ടുകളുടെ വിശദാംശങ്ങൾ
ബാങ്കിലോ പോസ്റ്റ് ഓഫീസിലോ കാലഹരണപ്പെട്ട നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിനായി എത്തുമ്പോൾ, നൽകുന്ന തുകയും വസ്തുതയും ശരിയാണെന്ന് ഉറപ്പിക്കുക. നിങ്ങളുടെ വിവരങ്ങൾ ആരും ചൂഷണം ചെയ്യുന്നില്ലെന്ന് ഇത് ഉറപ്പാക്കും.
സാധുവായ ഐഡി പ്രൂഫ്
ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട്, എൻആർഇജിഎ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ സർക്കാർ നൽകിയ മറ്റേതെങ്കിലും ഐഡി കാർഡ് കയ്യിലുണ്ടാകണം.
റിക്വിസിഷൻ സ്ലിപ്പ്
നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ആർബിഐ നിർദേശിച്ച ഫോർമാറ്റ് അനുസരിച്ച് നിങ്ങൾ ഒരു ‘റിക്വിസിഷൻ സ്ലിപ്പ്’ പൂരിപ്പിക്കേണ്ടതുണ്ട്.
പഴയ നോട്ടുകൾ മാറ്റുന്നതിനുള്ള പരിധി
ആർബിഐ വിജ്ഞാപനം അനുസരിച്ച്, ഒരു വ്യക്തിക്ക് ഒരു സമയം 20,000 രൂപ വരെ ബാങ്ക് നോട്ടുകൾ മാറ്റാം. അതേസമയം, നിങ്ങൾക്ക് എത്ര തുകയും അക്കൗണ്ടിൽ നിക്ഷേപിക്കാം.
2000 രൂപ നോട്ടുകൾ ബാങ്കിൽ മാറ്റുന്നതിനുള്ള ഗൈഡ് ഇതാ
ഘട്ടം 1 – നിങ്ങളുടെ പക്കൽ ലഭ്യമായ 2000 രൂപ നോട്ടുകളുമായി അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കുക.
ഘട്ടം 2- റിക്വിസിഷൻ സ്ലിപ്പ് പൂരിപ്പിക്കുക, 2000 രൂപ നോട്ടുകളുടെ കൈമാറ്റ പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ഘട്ടം 3: മറ്റ് മൂല്യങ്ങളുമായി മാറാൻ 2000 രൂപ നോട്ടുകൾക്കൊപ്പം സ്ലിപ്പും സമർപ്പിക്കുക.