പാലക്കാട്: ചെര്‍പ്പുളശ്ശേരി സിപിഎമ്മില്‍ വീണ്ടും നടപടി. ചെര്‍പ്പുളശ്ശേരി സിപിഎം അഞ്ചംഗ ഏരിയ സെന്ററിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തില്‍ ആണ് തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്ന് ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നും വിഭാഗീയത കണ്ടെത്തിയതോടെ ആണ് നടപടിയുണ്ടായത്. പാലക്കാട്ടെ സി പി എമ്മിലെ വിഭാഗീയത അന്വേഷിക്കാന്‍ നേരത്തെ രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ആനാവൂര്‍ നാഗപ്പന്, കെ ജയചന്ദ്രന് എന്നിവരായിരുന്നു കമ്മീഷന് അംഗങ്ങള്‍. കമ്മീഷന് രണ്ട് തവണ സിറ്റിങ് നടത്തിയിരുന്നു. ജില്ല സമ്മേളനത്തിന് മുമ്പും ശേഷം ജില്ലയിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനമാണ് കമ്മീഷന് പ്രധാനമായും പരിശോധിച്ചത്.
എലപ്പുള്ളി, വാളയാര്‍, ചെര്‍പ്പുളശ്ശേരി മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമായിരുന്നു മുന്‍ഗണന. ഇതില്‍ തന്നെ വാളയാറിലാണ് വിഭാഗീതയ രൂക്ഷമെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ തമ്മിലടി വരെ ഉണ്ടായ സാഹചര്യമുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കം ഗുരുതര ആരോപണങ്ങള്‍ പ്രദേശിക നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.