തിരുവനന്തപുരം: ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി 99 റെയിൽവെ മേൽപാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്രമായ പദ്ധതിക്ക് രൂപം നൽകി നടപ്പിലാക്കി വരുന്നുവെന്നും അദ്ദേഹം നിയമസഭയിൽ മറുപടി നൽകി.99 റെയിൽവെ മേൽപാലങ്ങളിൽ 72 എണ്ണത്തിന്റെ നിർമാണ ചുമതല ആർ.ബി.ഡി.സി.കെ ക്കും 27 എണ്ണം കെ.ആർ.ഡി.സി.എൽ നും നൽകി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും റെയിൽവെ ഓവർ ബ്രിഡ്ജുകളുടെ നിർമാണം ഒന്നിച്ച് പുരോഗമിക്കുന്നത്. ആർ.ബി.ഡി.സി.കെ ക്ക് നിർമ്മാണ ചുമതലയുള്ള മേൽപ്പാലങ്ങളിൽ കാഞ്ഞങ്ങാട് ആർ.ഒ.ബി പൂർത്തിയാക്കി തുറന്നുകൊടുത്തു.
21 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. എട്ട് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ ഡി.എ.ഡി റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. സിൽവർ ലൈനുമായി ബന്ധപ്പെട്ടു കിടന്നിരുന്ന 15 ആർ.ഒ.ബി.കളുടെ ജി.എ.ഡി റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിനുള്ള പ്രവർത്തികൾ തുടങ്ങി. ഒരു ആർ.ഒ.ബി കിഫ്ബിയുടെ പരിഗണനയിലാണ്.
എറണാകുളത്തിനും ഷൊർണ്ണൂരിനും ഇടക്കുള്ള റെയിൽവേയുടെ മൂന്നാമത്തെ റെയിൽവേ ലൈനിന്റെ അലൈൻമെന്റ് തീരുമാനമാകാത്തതിനാൽ ആറ് പദ്ധതികളുടെ പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടു. കെ.ആർ.ഡി.സി.എൽ ന് നിർമാണ ചുമതലയുള്ള മേൽപ്പാലങ്ങളിൽ മൂന്ന് എണ്ണത്തിനു ഭരണാനുമതി ലഭിക്കുകയും എൽ.സി 12 ന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
മറ്റ് ആർ.ഒ.ബി കളുടെയെല്ലാം ഭൂമി ഏറ്റെടുക്കൽ പ്രവർത്തികൾ പുരോഗമിക്കുന്ന മുറക്ക് നിർമാണപ്രവർത്തനങ്ങളുമായി പോകുവാൻ സാധിക്കുമെന്നും എം.വിജിൻ, ഡോ.കെ.ടി ജലീൽ, കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, എം.എസ് അരുൺകുമാർ എന്നിവർക്ക് മറുപടി നൽകി.