തിരുവനന്തപുരം > കാട്ടാക്കടയിൽ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) ആണ് പിടിയിലായത്. കേരള – തമിഴ്നാട് അതിർത്തി മേഖലയിൽ നിന്ന് വൈകിട്ടോടെയാണ് ഇയാൾ പിടിയിലായത്. പൂവച്ചല്‍ സ്വദേശിയായ ആദിശേഖർ(15) ആണ് മരിച്ചത്.
അപകടമരണമാണെന്നാണ് കരുതിയിരുന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ 31 നായിരുന്നു സംഭവം. പുളിങ്ങോട് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സൈക്കിശിൽ പോവുകയായിരുന്ന ആദിശേഖറിനെ കാറിടിക്കുന്നത്. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
ആദിശേഖറിന്റെ അകന്ന ബന്ധുവാണ് പ്രിയരഞ്ജൻ. കൊലക്കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖർ.