ദില്ലി : എസ് എൻ സി ലാവലിന്‍ കേസ് അടുത്ത മാസം സുപ്രീംകോടതി പരിഗണിക്കും. ഓക്ടോബർ പത്തിന് കേസ് ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന കേസ് സിബിഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് മാറ്റുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന കാര്യം ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്നാൽ ആരും എതിർപ്പ് അറിയിച്ചില്ല. ഈ സാഹചര്യത്തിൽ കേസ് വീണ്ടും മാറ്റുകയായിരുന്നു.
അതേസമയം കേസിലെ ഒരു ഹർജിയുമായി ബന്ധപ്പെട്ട് രണ്ട് കക്ഷികൾക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടർന്ന് ഇവർക്ക് നോട്ടീസ് നൽകാൻ കോടതി നിർദ്ദേശം നൽകി. ഇത് 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണയും സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.