ന്യൂഡൽഹി∙ ഇന്ന് രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് എമർജൻസി അലർട്ട് മെസേജുകളും ബീപ്പ് ശബ്ദത്തോടെ ഫ്ലാഷ് മെസേജുകളും ലഭിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് പരീക്ഷണാടിസ്ഥാനത്തിൽ മെസേജുകൾ അയച്ചത്. അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതൊരു പരീക്ഷണമാണെന്നും നടപടിയൊന്നും ആവശ്യമില്ലെന്നും മെസേജിൽ പറയുന്നുണ്ട്.
‘‘അടിയന്തര മുന്നറിയിപ്പ്: ഇന്ത്യ ഗവൺമെന്റ് ടെലികമ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വഴി അയച്ച സാംപിൾ ടെസ്റ്റിങ് സന്ദേശമാണിത്. നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ദയവായി ഈ സന്ദേശം അവഗണിക്കുക. നാഷനൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാൻ – ഇന്ത്യ എമർജൻസി അലർട്ട് സിസ്റ്റം പരിശോധിക്കുന്നതിനാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. പൊതുജന സുരക്ഷ വർധിപ്പിക്കാനും അത്യാഹിത സമയത്ത് സമയബന്ധിതമായ അലർട്ടുകൾ നൽകാനും ഇത് ലക്ഷ്യമിടുന്നു’’– സന്ദേശത്തിൽ പറയുന്നു.