ന്യൂഡൽഹി∙ കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച കേണൽ മൻപ്രീത് സിങ്ങിന് (41) ആറുവയസുകാരനായ മകൻ സൈനിക വേഷം ധരിച്ച് സല്യൂട്ട് നൽകി. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മുല്ലൻപുരിലെ വീട്ടില്‍ മൻപ്രീത് സിങ്ങിന്റെ ഭൗതികദേഹം എത്തിച്ചപ്പോഴാണ് മകൻ അന്തിമോപചാരം അർപ്പിച്ചത്. രണ്ടു വയസ്സുള്ള മകളും സല്യൂട്ട് നൽകി. മൻപ്രീത് സിങ്ങിന് അന്തിമോപചാരം അർപ്പിക്കാന്‍ വൻ ജനക്കൂട്ടം എത്തിയിരുന്നു.
കൊകോരെനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്തുന്നതിനിടെയാണ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ബട്ട് എന്നിവർ മരിച്ചത്. സംഘത്തെ നയിച്ചു മുന്നിലുണ്ടായിരുന്ന കേണൽ മൻപ്രീത് സിങ് ഭീകരർക്കു നേരെ വെടിയുതിർത്തു. എന്നാൽ, ഒളിയിടത്തിൽനിന്നുണ്ടായ ശക്തമായ ആക്രമണത്തിൽ മൂവരും വെടിയേറ്റു വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. മറ്റു രണ്ടുപേരുടെയും ഭൗതികദേഹം നേരത്തേ സംസ്കരിച്ചിരുന്നു.