മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ടെന്ന് നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ എഴുന്നേറ്റ് നിന്ന് കേട്ടതിന്റെ കാരണം വ്യക്തമാക്കി.മുഖ്യമന്ത്രിക്ക് തന്റെ അച്ഛനുമായി പലപ്പോഴും സാമ്യം തോന്നാറുണ്ടെന്നും രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായി വളരെ ഇഷ്ടമാണെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.’മുഖ്യമന്ത്രിയുടെ മറ്റേത് പരിപാടിയാണെങ്കിലും ഞാൻ എവിടെയുണ്ടെങ്കിലും അത് മുൻ സീറ്റിലായാലും പിന്നിലായാലും എഴുന്നേറ്റ് നില്‍ക്കാറുണ്ട്. അദ്ദേഹത്തെ വളരെ ബഹുമാനത്തോടെയാണ് ഞാൻ കാണുന്നത്. നല്ല അച്ഛനും നല്ല മുഖ്യമന്ത്രിയും കുടുംബനാഥനുമൊക്കെയാണ് അദ്ദേഹം. എന്റെ അച്ഛനുമായി പലപ്പോഴും സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമായല്ല, വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്’- ഭീമന്‍ രഘു പറഞ്ഞു.
അതേസമയം ബി. ജെ. പി യിൽ നിന്നും സി. പി. എമ്മിലേക്ക് എത്തിയതു കൊണ്ടാണോ ബഹുമാനമെന്ന മാധ്യമ പ്രവർത്തകന്റ ചോദ്യത്തിനും ഭീമൻ രഘു മറുപടി നൽകി. ‘അത് മാത്രം ഇപ്പോൾ വേണ്ട. ഇപ്പോൾ അവാർഡ് മാത്രം മതി. അവിടെയിരുന്നത് ഇവിടെയിരുന്നതൊക്കെ പിന്നെ. അത് പുറത്ത് വന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു നടൻ പറഞ്ഞത്
സോഷ്യല്‍ മീഡിയയില്‍ നടന്റെ നിൽപ് വൈറലായിട്ടുണ്ട്. ട്രോളുകളും ഉയർന്നിട്ടുണ്ട്. സ്റ്റാന്റ് അപ് കോമഡിയെന്നാണ് കമന്ററുകൾ വരുന്നത്. കൂടാതെ ശാഖയിലെ ശീലം മറന്നിട്ടില്ലെന്നും സീറ്റിന് വേണ്ടിയാണെന്നും പരിഹാസം ഉയരുന്നുണ്ട്.
രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നും ഭീമൻ രഘു അന്ന് പറഞ്ഞിരുന്നു.