കോഴിക്കോട് ∙ ഓഗസ്റ്റ് 30ന് സ്വകാര്യ ആശുപത്രിയിൽ മരിച്ച കുറ്റ്യാടി കള്ളാട് മുഹമ്മദിനു നിപ്പ സ്ഥിരീകരിച്ചു. നിപ്പ വ്യാപനത്തിലെ ആദ്യരോഗിക്ക് (ഇൻഡക്സ് കേസ്) രോഗമുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യരോഗിയുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി എവിടെ നിന്നാണു വൈറസ് ബാധയെന്നു കണ്ടെത്താൻ ശ്രമിക്കും. ഇന്നലെ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ആകെ 1080 പേർ ഉൾപ്പെട്ടു. മറ്റു ജില്ലകളിൽനിന്നുള്ളവരും ഇതിലുണ്ട്.
മരണപ്പെട്ട കുറ്റ്യാടി സ്വദേശി മുഹമ്മദ്, വടകര ആയഞ്ചേരി മംഗലാട് സ്വദേശി ഹാരിസ്, ചികിത്സയിലുള്ള ഒൻപതു വയസ്സുള്ള കുട്ടി, 22 വയസ്സുള്ള യുവാവ്, 29 വയസ്സുള്ള ആരോഗ്യപ്രവർത്തകൻ, ചെറുവണ്ണൂർ സ്വദേശിയായ 39 വയസ്സുകാരൻ എന്നിവർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സൂപ്പർസ്പ്രെഡ് സംഭവിച്ചത് സ്വകാര്യ ആശുപത്രിയിൽ നിന്നാണെന്നു സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
∙ ഇന്നലെ രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശി, ആദ്യരോഗിയായ മുഹമ്മദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി അവിടെയുണ്ടായിരുന്നു.
∙ സമ്പർക്കപ്പട്ടികയിൽ പുതുതായി 130 പേരെയാണു ചേർത്തത്. മലപ്പുറം ( 22), കണ്ണൂർ (3), വയനാട് (1), തൃശൂർ (3) ജില്ലകളിൽ നിന്നുള്ളവരും ഇതിലുണ്ട്.
∙ ഐസിഎംആർ ഓസ്ട്രേലിയയിൽ നിന്ന് 20 ഡോസ് മോണോക്ലോണൽ ആന്റിബോഡി വാങ്ങും.
∙ വ്യാഴാഴ്ച പരിശോധിച്ച 30 സാംപിളുകൾ നെഗറ്റീവായി. ഇന്നലെ പരിശോധിച്ച 100 സാംപിളുകളിൽ 83 പേർ നെഗറ്റീവായി. 17 പേരുടെ ഫലം വരാനുണ്ട്.
∙ ഫലം നെഗറ്റീവ് ആണെങ്കിലും 21 ദിവസം നിരീക്ഷണത്തിൽ തുടരണം.