തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. എല്‍ഡിഎഫ് സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്ന നയം തിരുത്തണമെന്നും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് കേരളത്തെ ഞെരുക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറണമെന്നുമാണ് സമരത്തില്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.
കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകുന്നില്ല. അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്ര സര്‍ക്കാറിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നില്‍. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാന്‍ കഴിയൂ. നികുതിയിനത്തില്‍ കേരളം കേന്ദ്രത്തിനു ഒരു രൂപ നല്‍കുമ്പോള്‍ തിരിച്ച് കേരളത്തിന് സംസ്ഥാന വിഹിതമായി നല്‍കുന്നത് 25 പൈസയില്‍ താഴെയാണ്. അതേസമയം ഉത്തര്‍പ്രദേശിന് ഒരു രൂപയ്ക്ക് പകരം ഒരു രൂപ എണ്‍പത് പൈസ തോതിലാണ് തിരിച്ച് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.