വേനല്‍ക്കാലത്ത് അതിരൂക്ഷമായ ചൂടിനെ ശമിപ്പിക്കാന്‍ എല്ലാവരും വിവിധ വഴികള്‍ തേടുന്ന സമയമാണ്. ശരീരം തണുപ്പിക്കാന്‍ ആവശ്യമായ പഴങ്ങളും പാനീയങ്ങളും അങ്ങനെ എല്ലാ മാര്‍ഗങ്ങളും എല്ലാവരും തേടുന്നുണ്ട്. ശരീരം തണുപ്പിക്കാനും ക്ഷീണം അകറ്റാനും പലരും നിര്‍ദേശിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് വേനല്‍ സമയത്ത് ഇത് കുടിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് കരിമ്പ് ജ്യൂസ് കുടിക്കാമോ? ഈ ജ്യൂസ് കുടിച്ചാല്‍ വണ്ണം കൂടുമോ? അങ്ങനെ നിരവധി ചോദ്യങ്ങള്‍ അവരുടെ മനസിലുണ്ടാകും. അത്തരക്കാര്‍ക്ക് സഹായകമാകുന്ന കാര്യങ്ങളാണ് ഇനി പറയുന്നത്.
240 മില്ലി കരിമ്പ് ജ്യൂസില്‍ 250 കലോറി അടങ്ങിയിട്ടുണ്ട്. 30 ഗ്രാം പഞ്ചസാരയും അതില്‍ അടങ്ങിയിരിക്കുന്നു. കരിമ്പിന്‍ ജ്യൂസില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍സ്, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം, ഇരുമ്പിന്റെ അംശം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഓരോ ഗ്ലാസ് കരിമ്പ് ജ്യൂസിലും 13 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ 52 ശതമാനമാണിത്. കരിമ്പിന്‍ ജ്യൂസില്‍ കൊഴുപ്പ് കുറവാണ്. പൊതുവെ കരിമ്പിന്‍ ജ്യൂസ് നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് പറയുന്നത്. കൊഴുപ്പ് കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരിമ്പിന്‍ ജ്യൂസ് നല്ലൊരു പാനീയമാണെന്നാണ് ഫിറ്റ്‌നസ് പരിശീലകര്‍ പറയുന്നത്. എന്നിരുന്നാലും ഇത്തരക്കാര്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കും മുന്‍പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.