കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം സെപ്റ്റംബര്‍ 18 ന് ജില്ലയിലെത്തും. ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. നിലവില്‍ നാല് പേരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് പരിശോധനാഫലം ലഭിച്ച 11 സാമ്പിളുകളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചു. ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ടവരാണ് എല്ലാവരും. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകള്‍ 94 ആയി. കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല അവലോകന യോഗത്തിനുശേഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം നിപ ലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ചെറുവണ്ണൂര്‍ സ്വദേശിക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലും കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു. ആഗസ്ത് 30ന് മരിച്ച കോഴിക്കോട് മരുതോങ്കര സ്വദേശി മുഹമ്മദിന്റെ സ്രവസാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.