കോഴിക്കോട് : രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിയമവിരുദ്ധമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേന്ദ്രങ്ങൾ നടത്തിയ കേസിലുൾപ്പെട്ട കോഴിക്കോട് സ്വദേശികളായ മൂന്നുപേർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് ഇറക്കിയത്. 2021 ജൂലായ് ഒന്നുമുതൽ ഒളിവിൽപ്പോയ ചാലപ്പുറം മൂരിയാട് പുത്തൻപീടിയേക്കൽ പി.പി. ഷബീർ (45), ബേപ്പൂർ പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടിൽ പി. അബ്ദുൾ ഗഫൂർ (45), കുതിരവട്ടം പൊറ്റമ്മൽ മാട്ടായി പറമ്പ് ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ് (34) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ നോട്ടീസ് ഇറക്കിയത്. നഗരപരിധിയിൽ കസബ, നല്ലളം സ്റ്റേഷൻ പരിധികളിലാണ് കേസുള്ളത്. ഇവയെല്ലാം ക്രൈംബ്രാഞ്ചാണ് നിലവിൽ അന്വേഷിക്കുന്നത്.
മൂവരും പശ്ചിമബംഗാളിൽ കൊൽക്കത്തയ്ക്കും സമീപപ്രദേശങ്ങളിലുമാണ് ഒളിയിടം മാറി മാറി കഴിഞ്ഞുവരുന്നതെന്നാണ് അന്വേഷണഉദ്യോഗസ്ഥർക്ക് കിട്ടിയ പ്രാഥമിക വിവരം. പശ്ചിമബംഗാളിലേക്ക് നേരത്തേ അന്വേഷണസംഘം പോയെങ്കിലും മൂവരെയും കണ്ടെത്താൻ സാധിച്ചില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും മറ്റുസംസ്ഥാനങ്ങളിലെ വ്യാജമേൽവിലാസത്തിൽ മറ്റുപലരുടെയും വ്യാജപേരുകളിൽ എടുത്ത സിംകാർഡുകളാണ് നിലവിൽ ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഒളിവിൽ കഴിയുമ്പോൾ ഇവർ വാട്സാപ്പ് മുഖേനയും ടെലഗ്രാം മുഖേനയും ആശയവിനിമയം നടത്തുന്നതായും സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകൾക്ക് പിന്നിലെ യഥാർഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി അന്വേഷണഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ആറ് പ്രതികളാണ് കേസിലുൾപ്പെട്ടത്. ഇവരിൽ ഇബ്രാഹിം പുല്ലാട്ട്, ജുഹൈസ് എന്നിവർ നേരത്തേ പിടിയിലായിരുന്നു.