പാറശ്ശാല: കാരോട്-കഴക്കൂട്ടം ബൈപാസിലൂടെ കടത്തിക്കൊണ്ടുവന്ന റേഷനരി പിടികൂടി. ഞായറാഴ്ച അയിരയില്‍ എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് നടത്തിയ വാഹനപരിശോധനയിലാണ് അരി പിടിച്ചത്. കെ.എല്‍ 57 എന്‍ 0877 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ലോറിയില്‍ പൊതുവിതരണ കേന്ദ്രത്തിന് മാത്രം അനുവദിച്ച 50 കിലോ വീതമുള്ള 310 ചാക്കുകളിലായി 15,500 കിലോ റേഷന്‍ അരിയാണ് മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്നത്.
തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസറെ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസറും സംഘവും സ്ഥലത്തി റേഷന്‍കടകളില്‍ മാത്രം വില്പന നടത്തുന്ന അരിയാണെന്ന് കണ്ടെത്തി. വാഹനപരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ അബ്ദുല്‍ ഹാഷിം, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുഭാഷ് കുമാര്‍, രതീഷ് മോഹന്‍ എന്നിവർ പങ്കെടുത്തു.