ബാലരാമപുരം: ഓൺലൈൻ അപേക്ഷകൾക്ക് അക്ഷയ സെൻററുകളെ സമീപിക്കുന്നവരിൽനിന്ന് വലിയ ഫീസ് ഇടാക്കി തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞദിവസം ഉച്ചക്കടയിലെ അക്ഷയ സെൻററിൽ എഫ്.എസ്.എസ്.ഐ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ നൽകിയതിന് 200 രൂപ ഈടാക്കിയത് പരക്കെ ആക്ഷേപമുയർന്നിരുന്നു. 30 രൂപ ഈടാക്കി ചെയ്യേണ്ട അപേക്ഷകൾക്ക് കൃത്യമായ ഏകീകരണ ഫീസ് ഇല്ലാത്തത് കാരണം നൂറും ഇരുനൂറും രൂപ വാങ്ങുന്നതായി ആരോപണം ശക്തമാണ്.
പഞ്ചായത്ത് പ്രദേശത്ത് ഒന്നിലധികം അക്ഷയ സെൻററുകളില്ലാത്തതുകാരണം തേന്നിയപടിയാണ് ഫീസ് വാങ്ങി കൊള്ള നടത്തുന്നത്. വൃദ്ധർ ഉൾപ്പെടെ ഏറെ ആശ്രയിക്കുന്ന അക്ഷയ സെൻററുകളിലെ തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ പോകുന്നതും പ്രതിഷേധത്തിനിടയാക്കുന്നു.ഓരോ പഞ്ചായത്ത് പ്രദേശത്തും കൂടുതൽ അക്ഷയസെൻറർ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അക്ഷയ സെൻററുകളിൽ ഫീസ് നിരക്ക് കൃത്യമായി പ്രദർശിപ്പിക്കണമെന്നും ആവശ്യമുയരുന്നു.