മുംബൈ: കാടിനുള്ളിൽ കയറി സിംഹത്തിനെതിരെ പോരാടാൻ ആടും, ചെമ്മരിയാടും വളർന്നിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്തി ഏക്നാഥ് ഷിൻഡെ. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ സഖ്യം നടത്തുന്ന പോരാട്ടത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കാൻ സാധിക്കില്ല. പക്ഷേ ചെമ്മരിയാടുകളും ആടുകളും കാട്ടിൽ കയറി സിംഹത്തോട് മത്സരിക്കാൻ വളർന്നിട്ടില്ല. സിംഹം തന്നെയായിരിക്കും എന്നും കാട് ഭരിക്കുക എന്നായിരുന്നു ഷിൻഡെയുടെ പരാമർശം. പ്രതിപക്ഷ സഖ്യത്തിന്‍റെ ഏക ലക്ഷ്യം തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുക എന്നത് മാത്രമാണ്. മറ്റൊരു വിഷയത്തിലും അവർ ഒരു തരത്തിലുള്ള പോരാട്ടം നടത്തുന്നതായി തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബി.ജെ.പി-ശിവസേന-എൻ.സി.പി (അജിത് പവാർ) സഖ്യം ശക്തമായി മുന്നേറുകയാണെന്നും ഷിൻഡെ പറഞ്ഞു. അജിത് പവാർ കൂടി സർക്കാരിന്‍റെ ഭാഗമായത് കൂടുതൽ കരുത്തേകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി സംസ്ഥാനത്ത് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളെയാണോ അതോ വെറുതെ വീട്ടിലിരിക്കുന്നയാളെയാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകക്ഷി ഇ.ഡിയെ പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമായി ഉപയോഗപ്പെടുത്തുകയാണോ എന്ന ചോദ്യത്തിന് ഇ.ഡി ചോദ്യം ചെയ്യുന്നത് അവർക്ക് സംശയം തോന്നുന്നവരെയാണെന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം.