തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം. ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ചിറകരിയുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാളെ രാവിലെ 9 മണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണാനാണ് നേതാക്കള്‍ അനുമതി ചോദിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ നീക്കം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമായി കാണുന്നതുകൊണ്ട് ഓര്‍ഡിനന്‍സില്‍ ധൃതി പിടിച്ച് ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല. വിമര്‍ശനങ്ങളുടെ വസ്തുതയും ഗവര്‍ണര്‍ ആരാഞ്ഞിട്ടുണ്ട്. ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം ലോകായുക്ത ഭേദഗതിയില്‍ ആവശ്യമായ ചര്‍ച്ച എല്‍ഡിഎഫില്‍ നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കേണ്ട ഭേദഗതിയാണ് ഇത്. നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേല്‍ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ലോകായുക്ത കേരളത്തില്‍ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും നിലപാട് പറയാന്‍ അവസരമുണ്ടായേനേ എന്നും കാനം പറഞ്ഞു.ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കാര്യമായ ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിര്‍ണ്ണായക നിയമഭേദഗതി എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തില്ല. കെടി ജലീലിന്റെ രാജി മുതല്‍ ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു.