തൃശൂർ: കേരളത്തിന്റെ ഔദ്യോഗിക ഗാനത്തിന് രചനകൾ ക്ഷണിച്ച് വീണ്ടും സാഹിത്യ അക്കാദമി. ഒന്നാം പിണറായി സർക്കാറിന്‍റെ രണ്ടാം വാർഷികത്തിൽ അക്കാദമിയിൽ നടന്ന സാംസ്കാരിക പ്രവർത്തകരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് ഔദ്യോഗിക ഗാനം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനായി സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിവേഗത്തിൽതന്നെ അക്കാദമി നടപടികളിലേക്ക് കടക്കുകയും ചെയ്തു.പ്രശസ്തരും പുതുതലമുറയിലുള്ളവരുമടക്കം നിരവധി പേരാണ് എൻട്രികൾ അയച്ചു നൽകിയത്. ഇത് തെരഞ്ഞെടുക്കാൻ എം. ലീലാവതി, എം.ആർ. രാഘവ വാര്യർ, അക്കാദമി സെക്രട്ടറിയായിരുന്ന കെ.പി. മോഹനൻ, കവി ഏഴാച്ചേരി രാമചന്ദ്രൻ, എം.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കുകയും ചെയ്തു. കോവിഡ് വന്നതോടെ സമിതിയിലെ അംഗങ്ങൾക്ക് യോഗത്തിനെത്താനും മറ്റും പ്രയാസമായതോടെ കേരളഗാന തെരഞ്ഞെടുപ്പ് നടപടികൾ പെരുവഴിയിലായി. പിന്നാലെ ഒന്നും രണ്ടും പ്രളയവുമായതോടെ അക്കാദമിയും കൈയൊഴിഞ്ഞു. ചുരുക്കപ്പട്ടികയായിട്ടുണ്ടെന്നും അതിൽനിന്ന് അന്തിമ ഗാനം തെരഞ്ഞെടുക്കുകയെന്ന നടപടിക്രമം മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് 2020ൽ അക്കാദമി പറഞ്ഞത്.
കേരളമെന്ന ആശയം, ദർശനം, സങ്കൽപം എന്നിവയെല്ലാം ഒത്തിണങ്ങിയ ഒരു മൂർത്തഗാനം വേണമെന്നതായിരുന്നു പൊതുധാരണ. എന്നാല്‍, ഇതിന് ഇണങ്ങുന്ന രചനകളൊന്നും കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. രണ്ടോ മൂന്നോ വരികളിൽമാത്രം കേരളത്തെ പ്രതിഫലിപ്പിക്കുന്ന കവിതകളാണ് ഏറെയും ലഭിച്ചത്. വിവിധ കവിതകൾ കോർത്തിണക്കുന്നത് ഗാനത്തിന് അഭംഗിയുമാകും. ഗാനത്തിന് കുറഞ്ഞത് 14 വരിയെങ്കിലും ഉണ്ടാകണം. ഈ സാഹചര്യത്തിൽ പുതിയ കവിത രചിക്കാമെന്ന നിർദേശമുയർന്നതോടെയാണ് കേരളഗാന നിർദേശം അക്കാദമി പുതുക്കിയെടുക്കുന്നത്.
ഗാനം തെരഞ്ഞെടുക്കാനുള്ള സമിതിയിൽ അക്കാദമി സെക്രട്ടറി കെ.പി. മോഹനന് പകരം പുതിയ സെക്രട്ടറി സി.പി. അബൂബക്കറിനെയും സാംസ്കാരിക സെക്രട്ടറിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ഗാനത്തിനുതകുന്ന രചനകളും നിർദേശങ്ങളും കവികളിൽനിന്നും ഗാനരചയിതാക്കളിൽനിന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്നതും മൂന്ന് മിനിറ്റിൽ ആലപിക്കാനാകുന്ന വിധത്തിൽ കാവ്യാത്മകതയും സംഗീതാത്മകതയും ഒത്തുചേർന്ന രചനകളാണ് അയക്കുകയോ നിർദേശിക്കുകയോ വേണ്ടത്. രചനകൾ ഒക്ടോബർ 15നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ -20 എന്ന വിലാസത്തിലോ [email protected] എന്ന വിലാസത്തിലോ ലഭിക്കണം. വിവരങ്ങൾ 0487-2331069 നമ്പറിലും ലഭിക്കും.