ഹൈദരാബാദ്: തെലങ്കാന രക്തസാക്ഷികളെക്കുറിച്ചും അവരുടെ ത്യാഗങ്ങളെക്കുറിച്ചും പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം സംസ്ഥാനത്തിന്റെ അസ്തിത്വത്തെയും ആത്മാഭിമാനത്തെയും അവഹേളിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.സംസ്ഥാന രൂപവത്കരണത്തെയും രക്തസാക്ഷികളെയും കുറിച്ച് മോദി തിങ്കളാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. ആന്ധ്രാപ്രദേശിൽ നിന്ന് വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചത് ഇരു സംസ്ഥാനങ്ങളിലും കയ്പേറിയ അനുഭവങ്ങൾക്കും രക്തച്ചൊരിച്ചിലിനും ഇടയാക്കിയെന്നായിരുന്നു മോദിയുടെ പ്രസംഗം.
‘തെലങ്കാനയിലെ രക്തസാക്ഷികളെക്കുറിച്ചും അവരുടെ ത്യാഗങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി നടത്തിയ അനാദരവ് നിറഞ്ഞ പ്രസംഗം തെലങ്കാനയുടെ അസ്തിത്വത്തെയും ആത്മാഭിമാനത്തെയും അപമാനിക്കുന്നതാണ്. പ്രധാനമന്ത്രി തെലങ്കാനയോട് മാപ്പുപറയണം’ എന്ന് തെലുഗു ഭാഷയിലാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
പ്രസംഗം അവഹേളനപരമായിരുന്നുവെന്ന് തെലങ്കാന മന്ത്രിയും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവുവും പ്രതികരിച്ചു. ചരിത്രവസ്തുതകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ അജ്ഞത പ്രതിഫലിപ്പിക്കുന്നതാണ് പരാമർശമെന്നും അദ്ദേഹം പറഞ്ഞു.