ന്യുഡൽഹി: ലോക്സഭയിൽ വനിതാ പ്രാതിനിധ്യ ബിൽ ചർച്ചക്കിടെ മുൻ മഹാരാഷ്ട്ര ബി.ജെ.പി മേധാവിയുടെ വിവേചനപരമായ പരാമർശങ്ങൾ ഓർമിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ.”വീട്ടിൽ പോയി പാചകം ചെയ്യു, ഭരണം ഞങ്ങൾ നോക്കിക്കോളാം എന്നാണ് മുൻ മഹാരാഷ്ട്ര ബി.ജെ.പി മേധാവി പറഞ്ഞത്. ഇതാണ് ബി.ജെ.പിയുടെ മനോഭാവം. ബി.ജെ.പി നേതാക്കൾ വനിതാ അംഗങ്ങളെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് അവരുടെ മാനസികാവസ്ഥ എന്താണെന്ന് കാണിക്കുന്നു. വ്യക്തിപരമായ അനുഭവമാണ് ഞാൻ പറഞ്ഞത്”- സുപ്രിയ സുലെ പറഞ്ഞു.
ഇൻഡ്യ സഖ്യം സ്ത്രീകളെ അപമാനിക്കുന്ന ആളുകളുടെ പക്ഷം സ്വീകരിക്കുന്നു എന്ന ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാമർശത്തിനുള്ള മറുപടിയായാണ് മഹാരാഷ്ട്ര മുൻ ബി.ജെ.പി മേധാവി തന്നോട് വീട്ടിൽ പോയി പാചകം ചെയ്യു എന്ന് പറഞ്ഞത് സുപ്രിയ സുലെ ഓർമിപ്പിച്ചത്.
2022 മെയ് 25നാണ് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷനായിരുന്ന ചന്ദ്രകാന്ത് പാട്ടീൽ സുപ്രിയ സുലെയോട് നിങ്ങൾ രാഷ്ട്രീയത്തിൽ എന്തിനാണ് വീട്ടിൽ പോയി പാചകം ചെയ്യു എന്ന് പറഞ്ഞത്. സുപ്രിയ സുലെയെയോ മറ്റ് സ്ത്രീകളെയോ അനാദരിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ പരാമർശങ്ങൾ ഗ്രാമീണ ശൈലിയുടെ ഭാഗമാണെന്നും പറഞ്ഞായിരുന്നു പാട്ടീൽ തന്റെ പരാമർശത്തെ ന്യായീകരിച്ചത്.