തൃശ്ശൂർ: കരുവന്നൂര്‍ തട്ടിപ്പില്‍ ഇരകളാക്കപ്പെട്ട് പെരുവഴിയിലായത് അയ്യായിരത്തിലേറെ നിക്ഷേപകരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സഹകരണ വകുപ്പിന്‍റെ കണക്ക് പ്രകാരം കാലാവധി പൂര്‍ത്തിയായ 150 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കാനുണ്ട്. ചികിത്സയ്ക്കും വിവാഹ ആവശ്യങ്ങള്‍ക്കും ബാങ്കിനെ സമീപിച്ചാല്‍ പതിനായിരം മുതല്‍ അമ്പതിനായിരം വരെയാണ് ഇപ്പോഴും നല്‍കുന്നത്.
മാപ്രാണം സ്വദേശി ബഷീര്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. മക്കളുടെ വിവാഹാവശ്യത്തിന് കണക്കാക്കി കരുവന്നൂര്‍ ബാങ്കിലിട്ട രണ്ടു ലക്ഷം ആവശ്യത്തിന് ഉപയോഗപ്പെട്ടില്ല. മറ്റൊരു നിക്ഷേപക സരസ്വതിയുടെ ഭര്‍ത്താവ് ലോട്ടറി വിറ്റ് മിച്ചം പിടിച്ച ഒരു ലക്ഷത്തിലേറെ രൂപയാണ് ബാങ്കിലിട്ടത്. അതും അടുത്തെങ്ങും തിരിച്ചു കിട്ടാന്‍ ഇടയില്ലാത്തതിനാല്‍ സ്ഥിര നിക്ഷേപമാക്കി. രോഗത്തിലും പ്രയാസത്തിലും ഉതകുമെന്നു കരുതി കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച അയ്യായിരം പേരുടെ സ്ഥിതിയാണ് ബാങ്കിൽ ചിലർ നടത്തിയ തട്ടിപ്പിലൂടെ കഷ്ടത്തിലായത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ് ഇപ്പോൾ. അത്യാവശ്യത്തിന് ചോദിച്ചു ചെന്നാല്‍ പതിനായിരം രൂപ നൽകി മടക്കുമെന്ന് നിക്ഷേപകർ പറയുന്നു.
സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ കമ്മിയുടെ ഒരു കണ്‍സോഷ്യം രൂപീകരിച്ച് ജില്ലയിലെ മറ്റ് സംഘങ്ങളില്‍ നിന്ന് 50 കോടി സമാഹരിച്ച് കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്നാണ് ശുപാർശ ചെയ്യുന്നത്. റബ്കോയിലെ നിക്ഷേപം തിരികെ വാങ്ങണം. കൈയ്യിലുള്ള ഇപ്പോള്‍ ഉപയോഗിക്കാത്ത ആസ്ഥികള്‍ വിറ്റ് പണം സമാഹരിക്കണം. കൊടുക്കുന്ന പണത്തിന് ഗ്യാരണ്ടി നല്‍കണമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ കണ്‍സോർഷ്യത്തില്‍ നിന്നുള്ള ധന സമാഹരണം പാളി. മറ്റു രണ്ടു ശുപാര്‍ശകളും നടപ്പായില്ല. അതോടെ കരുവന്നൂരിലെ അയ്യായിരത്തോളമുള്ള നിക്ഷേപകര്‍ പെരുവഴിയില്‍ തന്നെ തുടരുകയാണ്.